ട്രംപിന്റെ 5% പ്രതിരോധ ലക്ഷ്യം മറികടക്കാൻ ഇറ്റലിയുടെ ‘പാലം തന്ത്രം’; ലോകത്തിലെ ഏറ്റവും നീളമേറിയ സസ്പെൻഷൻ പാലത്തിന് അന്തിമ അനുമതിറോം: നൂറ്റാണ്ടുകളായി ചർച്ചയായിരുന്ന ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന മെസ്സീന കടലിടുക്ക് പാലം യാഥാർഥ്യത്തിലേക്ക്. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ 3.7 കിലോമീറ്റർ നീളമുള്ള ഈ മെഗാ പദ്ധതിക്ക് അന്തിമ അനുമതി നൽകി. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമെന്ന റെക്കോർഡ് ഇതിന് സ്വന്തമാകും.ചരിത്രപരമായി, ബിസി 250-ൽ റോമൻ സൈന്യം താൽക്കാലിക തടിപ്പാലത്തിലൂടെ സിസിലിയിൽ നിന്ന് ആനകളെ റോമിലേക്ക് കടത്തിയെന്ന വിവരണങ്ങൾക്ക് ശേഷം, ഈ കടലിടുക്കിന് കുറുകെ സ്ഥിരം പാലം നിർമിക്കുകയെന്ന ആശയം പലവട്ടം ഉയർന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല.എന്നാൽ മെസ്സീന പാലം ഒരു സാധാരണ അടിസ്ഥാനസൗകര്യ പദ്ധതി മാത്രമല്ലെന്നാണ് ഇറ്റാലിയൻ സർക്കാരിന്റെ നിലപാട്. ദേശീയ പ്രതിരോധത്തിന് നിർണായകമായ പദ്ധതിയായാണ് സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്. ഇതിന് പിന്നിൽ നാറ്റോയുടെ പുതിയ പ്രതിരോധ ചെലവ് ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട തന്ത്രപരമായ കണക്കുകൂട്ടലുമുണ്ട്.2035 ഓടെ നാറ്റോ അംഗരാജ്യങ്ങൾ ജിഡിപിയുടെ 5 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന പുതിയ ലക്ഷ്യം മുന്നോട്ടുവച്ച സാഹചര്യത്തിൽ, വലിയ സാമ്പത്തിക സമ്മർദമാണ് യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്നത്. കോവിഡ് മഹാമാരിക്കുശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കുകളും ഇതിനോട് ചേർന്നതോടെ അധിക പ്രതിരോധ ചെലവ് കണ്ടെത്തുന്നത് പല രാജ്യങ്ങൾക്കും വെല്ലുവിളിയായി.ഈ സാഹചര്യത്തിൽ, മെസ്സീന പാലത്തെ ദേശീയ പ്രതിരോധ അടിസ്ഥാനസൗകര്യ പദ്ധതിയായി തരംതിരിക്കുന്നതിലൂടെ അതിന്റെ ചെലവിന്റെ ഒരു ഭാഗം പ്രതിരോധ നിക്ഷേപമായി കണക്കാക്കാനാണ് ഇറ്റലിയുടെ നീക്കം. ഇതുവഴി നാറ്റോയുടെ പ്രതിരോധ ചെലവ് ലക്ഷ്യങ്ങൾ പാലിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ധനകാര്യ സമ്മർദവും കുറയ്ക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.ട്രംപിന്റെ പ്രതിരോധ ചെലവ് വർധിപ്പിക്കാനുള്ള സമ്മർദത്തിനിടയിൽ ഇറ്റലി സ്വീകരിച്ച ഈ ‘പാലം തന്ത്രം’ യൂറോപ്പിലും നാറ്റോ വൃത്തങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.



