സിബിഎസ്ഇയുടെ പുതുക്കിയ മാർഗ്ഗനിർദേശപ്രകാരം, നിലവിൽ 7, 8, 9 ക്ലാസുകളിൽ ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, സ്പാനിഷ് തുടങ്ങിയ രണ്ട് വിദേശഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവ തുടരാം. ഇതിനൊപ്പം ഒരു അധിക ഭാരതീയ ഭാഷയും ഉൾപ്പെടുത്തും. നിലവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ ത്രിഭാഷാ നയം ബാധകമല്ലെന്നും, ഇപ്പോഴുള്ള 7, 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ എഴുതേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കുറഞ്ഞത് രണ്ട് ഭാരതീയ ഭാഷകളടങ്ങുന്ന ത്രിഭാഷാ നയം നടപ്പാക്കുകയാണ് ലക്ഷ്യമെങ്കിലും, വിദ്യാർത്ഥികളുടെ പഠനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ ഇളവുകൾ നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.



