നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആരുമില്ലാത്ത വയോധികയോട് ആശുപത്രി മാനേജ്‌മെൻ്റിൻ്റെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു. കാലിൽ പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്. കകരുളായി നിലംപതിയിലെ പ്രേമലീലയെന്ന അറുപത്തിയെട്ടുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. എന്നാൽ, പ്രമലീലയുടെ ആവശ്യപ്രകാരമാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി മാനേജ്‌മെൻ്റ് നൽകുന്ന വിശദീകരണം.
അസുഖം ബാധിച്ച് ഏറെ നേരം കട്ടിലിൽ കിടന്നു. തുടര്‍ച്ചയായി കിടന്നതുമൂലം ശരീര ഭാഗങ്ങള്‍ പലയിടത്തും പൊട്ടി വ്രണമായി. രോഗബാധിതയായ പ്രേമലീലയെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ ചൊവ്വാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് സുഖം പ്രാപിക്കാതെ പ്രേമലീലയെ ആശുപത്രി വിട്ട് വീട്ടിലേക്ക് അയച്ചു. ചികിത്സയോ പരിചരണമോ ഒന്നും ആശുപത്രിയില്‍ നിന്ന് കിട്ടിയില്ലെന്ന് പ്രേമ ലീല പരാതിപ്പെട്ടു.



