തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 22 വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചാർജിംഗിലായിരുന്ന ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടെ ഏഴ് ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു.കനത്ത പുക കെട്ടിടമാകെ പടർന്നതിനെ തുടർന്ന് നിരവധി പേർ അകത്ത് കുടുങ്ങി. അഗ്നിശമനസേനയും പോലീസും ചേർന്ന് എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. നാല് ഫയർ ടെൻഡറുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 4 മണിയോടെ തീ പൂർണമായും അണച്ചു. രണ്ട് പെൺകുട്ടികളെ മേൽക്കൂരയിൽ നിന്ന് രക്ഷപ്പെടുത്തിയതും രക്ഷാപ്രവർത്തനത്തിലെ നിർണായക ഘട്ടമായി.



