കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ഘടന നിയമാനുസൃതമാണോ എന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചു. 2025-ലെ വഖഫ് ഭേദഗതി നിയമപ്രകാരം ബോർഡിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട രണ്ട് മുസ്ലിം ഇതര അംഗങ്ങളെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടില്ലെന്നാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആരോപണം. ഇതുമൂലം ബോർഡിന്റെ നിലവിലെ ഘടന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും, ബോർഡ് എടുത്ത ഭരണപരവും മേൽനോട്ടപരവും അർധ-ജുഡീഷ്യൽ സ്വഭാവമുള്ള എല്ലാ തീരുമാനങ്ങളും അസാധുവാകുന്ന സാഹചര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ച് സംസ്ഥാന സർക്കാരിനോട് മറുപടി സമർപ്പിക്കാൻ നിർദ്ദേശം നൽകി. 2026 ഫെബ്രുവരി 4-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലൂടെ ഒമ്പത് അംഗങ്ങളെ മാത്രമാണ് നിയമിച്ചതെന്നും, എല്ലാവരും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും ഹർജിയിൽ പറയുന്നു. ശേഷിക്കുന്ന രണ്ട് അംഗങ്ങളെ പിന്നീട് നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം നിലവിലെ നിയമലംഘനത്തെ സാധൂകരിക്കാനാവില്ലെന്നാണ് ഹർജിക്കാരന്റെ വാദം.വഖഫ് ബോർഡിന് മുതവല്ലിമാരെ നിയമിക്കാനും നീക്കിക്കളയാനും, വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവും തർക്കപരിഹാരവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കാനും അധികാരമുണ്ട്. അതിനാൽ നിയമപ്രകാരം പൂർണ്ണമായി രൂപീകരിക്കാത്ത ബോർഡ് എടുത്ത തീരുമാനങ്ങൾ ഗുരുതരമായ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും ബോർഡിന്റെ നടപടികൾ വിവാദമായ സാഹചര്യത്തിലാണ് ഈ ഹർജി ശ്രദ്ധ നേടുന്നത്.വഖഫ് ബോർഡ് 2025-ലെ ഭേദഗതി നിയമത്തിലെ സെക്ഷൻ 14(1) ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കോടതി പ്രഖ്യാപിക്കണമെന്നും, നിയമപ്രകാരം ആവശ്യമായ രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉടൻ നാമനിർദ്ദേശം ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഹൈക്കോടതി പരിഗണിക്കും.



