ഇസ്രായേൽ–ഹിസ്ബുള്ള വെടിനിർത്തൽ കരാർ നിലവിലുണ്ടായിരിക്കെ ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് രണ്ട് പ്രൊജക്‌ടൈലുകൾ വിക്ഷേപിക്കപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യവും അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ സമാധാന ചർച്ചകൾ തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തമായത്. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ലെബനൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഒരു പക്ഷത്തെ സമ്മർദത്തിലാക്കി ചർച്ചയിലേക്കോ വിട്ടുവീഴ്ചയിലേക്കോ നയിക്കാൻ അപകടസാധ്യതയുള്ള നടപടികൾ സ്വീകരിക്കുന്ന “ബ്രിങ്ക്മാൻഷിപ്പ്” എന്ന ശീതയുദ്ധകാല തന്ത്രം വീണ്ടും ചർച്ചയാവുകയാണ്. 1948-49 ലെ ബെർലിൻ ഉപരോധവും 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയും ഈ തന്ത്രത്തിന്റെ പ്രധാന ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു.



