വർക്കലയിൽ വർക്ക്ഷോപ്പ് ഉടമയ്ക്ക് ചുറ്റികകൊണ്ട് ക്രൂരമർദ്ദനം ഏറ്റതായി പരാതി. വർക്കല പാലച്ചിറ കാണവിള വീട്ടിൽ സാജൻ (46) ആണ് ക്രൂരമർദ്ദനത്തിന് ഇരയായത്. ജോലി ചെയ്ത വകയിൽ കിട്ടാനുള്ള 200 രൂപ ചോദിച്ചതിനുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. ഇടവ വെൺകുളത്ത് വർക്ക് ഷോപ്പ് നടത്തിവരികയാണ് സാജൻ. ചെമ്പകത്തിൻമൂട്ടിൽ താമസമാക്കിയിട്ടുള്ള സുധീർ എന്നയാൾ തന്റെ ഇരുചക്രവാഹനം സ്റ്റാർട്ട് ആകുന്നില്ലെന്നും വീട്ടിൽ വന്ന് നോക്കണം എന്ന് ആവശ്യപ്പെട്ട് സാജനെ വിളിച്ചു. സാജൻ തന്റെ വർക്ക്ഷോപ്പ് ജീവനക്കാരനെ അവിടെ അയക്കുകയും വാഹനം റിപ്പയർ ചെയ്യുകയും 200 രൂപ കൂലി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രൂപ ഇപ്പോൾ തന്റെ കൈവശമില്ലെന്നും അത് പിന്നീട് വർക്ക് ഷോപ്പിൽ എത്തിക്കാമെന്ന് സുധീർ പറഞ്ഞു. സുധീർ തനിക്ക് അടുത്ത് അറിയുന്ന ആളും അതുപോലെതന്നെ ഇയാളുടെ വാഹനം സാജന്റെ വർക്ക് ഷോപ്പിൽ സ്ഥിരമായി റിപ്പയർ ചെയ്യുന്ന ആളുമായതിനാൽ കൂലി പിന്നീട് വാങ്ങാമെന്ന് ജീവനക്കാരനോട് പറഞ്ഞു. ഒരു മാസത്തിന് ശേഷം കഴിഞ്ഞ പത്താം തീയതി സാജന്റെ വർക്ക് ഷോപ്പിന് സമീപത്തെ കടയിൽ സുധീർ എത്തുകയും ഇത് ശ്രദ്ധയിൽപ്പെട്ട സാജൻ സുധീർനോട് കിട്ടാനുള്ള 200 രൂപ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ സുധീർ സാജനെ അസഭ്യം പറയുകയും മറ്റുള്ളവർ നോക്കിനിൽക്കെ കടയുടെ മുന്നിൽ വച്ച് സുധീറും കൂടെയുണ്ടായിരുന്ന മുജീബ് എന്ന ആളും ചേർന്ന് സാജനെ ക്രൂരമായി മർദ്ദിച്ച തായാണ് പരാതി. തുടർന്ന് രണ്ടുപേരും അവിടെ നിന്നും പോയി. കുറച്ച് സമയത്തിനുശേഷം മുജീബ് തിരികെ കടയിൽ എത്തുകയും വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ഒരു ചുറ്റിക കൈക്കലാക്കി സാജന് നേരെ ആക്രമിക്കുകയും ആയിരുന്നു എന്നും പരാതിയിൽ പറയുന്നുണ്ട്. സാജൻ ഒഴിഞ്ഞുമാറിയെങ്കിലും ചുറ്റിക നെറ്റിയിൽ പതിച്ചു നാലോളം സ്റ്റിച്ചു കളും ഉണ്ട്. പിന്നീട് അതെ ചുറ്റികകൊണ്ട് ശരീരമാകെ മർദ്ദിചതായും,സാജന്റെ മുതുകിനും വാരിയെല്ലിനും ക്ഷതമേറ്റതായും പറയുന്നു. ബോധരഹിതനായി തറയിൽ വീണ സാജന്റെ ഇടതുകാൽ പിടിച്ചു തിരിച്ചതിനാൽ മുട്ടിനും ഞരമ്പുകൾക്കും സാരമായി പരിക്കേറ്റു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയുടമ സാജനെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് അവിടെ നിന്നും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ദിവസങ്ങളുടെ ആശുപത്രി വാസത്തിനുശേഷം സാജൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തുടർ ചികിത്സ ആവശ്യമാണെന്നും ചിലപ്പോൾ കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. വർക്ക്ഷോപ്പ് കൊണ്ട് ജീവിതം മുന്നോട്ടു നീക്കിയിരുന്ന സാജന്റെ കുടുംബത്തിന്റെ അവസ്ഥ നിലവിൽ പരിതാപകരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സാജൻ അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.



