സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസ വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഭർത്താവ് ഫർമാൻ ഖാൻക്കെതിരെ നിയമനടപടികൾ ശക്തമായി.കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ POCSO നിയമം പ്രകാരം ഫർമാൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പരാതിയെ തുടർന്ന് കേരളത്തിലും മധ്യപ്രദേശിലും എൻസിഎസ്ടി വിശദമായ അന്വേഷണം നടത്തി. ചെയർമാൻ അന്തർ സിങ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ മോണാലിസ പാർദി ഗോത്രവിഭാഗത്തിൽപ്പെട്ടയാളാണെന്നും വിവാഹസമയത്ത് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി.ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് മോണാലിസ ജനിച്ചത്. അതായത് 2026 മാർച്ച് 11-ന് വിവാഹിതയാകുമ്പോൾ 16 വയസ്സിൽ താഴെയായിരുന്നു പ്രായം. കേരളത്തിൽ വെച്ചാണ് വിവാഹം നടന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂർത്തിയായതായി കാട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി.വ്യാജ രേഖകൾ റദ്ദാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിൽ തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹം നടന്ന ക്ഷേത്ര അധികൃതർ ദമ്പതികൾ നൽകിയ ആധാർ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും വ്യക്തമാകുന്നു.



