ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്നും തുടരും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറ് മേഖലകളിൽ ചെറിയ പരിശോധനകൾ നടത്തും. ഇന്നലെ ഉച്ച വരെയാണ് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ദുരന്ത മേഖലയിൽ പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
ഈ മാസം 22നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻ്റെ നിർദേശം. പ്രാഥമിക റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ സമയം ആവശ്യപ്പെടാനും സംഘം തീരുമാനിച്ചു. പുനരധിവാസത്തിന് സർക്കാർ കണ്ടുവെച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും.



