ന്യൂഡൽഹി: ഇന്ത്യയിൽ 15 വർഷത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ജനസംഖ്യാ കണക്കെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. രാജ്യത്തെ നൂറ് കോടിയിലധികം ആളുകളോട് 33 ചോദ്യങ്ങൾ ചോദിക്കുന്ന ഈ സർവേയിൽ, വീടിന്റെ മേൽക്കൂരയുടെ സ്വഭാവം മുതൽ ഇന്റർനെറ്റ് സൗകര്യമുണ്ടോ എന്നതുവരെ വിവരങ്ങൾ ശേഖരിക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ കണക്കെടുപ്പ് ലോകത്തിലെ ഏറ്റവും വലിയ ഭരണപരമായ പ്രവർത്തനങ്ങളിൽ ഒന്നാണ്. മൂന്ന് ദശലക്ഷത്തിലധികം ഉദ്യോഗസ്ഥർ ഒരു വർഷം മുഴുവൻ രാജ്യത്തെ ഓരോ വ്യക്തിയെയും ഉൾപ്പെടുത്തി വിവരശേഖരണം നടത്തും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ എട്ടാമത്തെ കണക്കെടുപ്പും ആകെ 16-ാമത്തേതുമായ ഈ സർവേയിൽ ജാതി വിവരങ്ങളും ഉൾപ്പെടും. നയരൂപവത്കരണം, ക്ഷേമപദ്ധതികളുടെ വിതരണം, രാഷ്ട്രീയ പ്രതിനിധാനം എന്നിവയ്ക്കായി ഈ ഡാറ്റ നിർണായകമാണ്.2023-ൽ 140 കോടിയിലധികം ജനസംഖ്യയോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ഏകദേശം 70% ജനങ്ങളും തൊഴിൽ പ്രായത്തിലുള്ളവരായതിനാൽ, ഇന്ത്യ യുവജനശക്തിയിൽ മുൻപന്തിയിലാണ്.അവസാന കണക്കെടുപ്പ് 2011-ലായിരുന്നു. 2021-ൽ നടത്താനിരുന്ന സർവേ കൊവിഡ് മഹാമാരിയും മറ്റ് ഭരണപരമായ കാരണങ്ങളും മൂലം വൈകുകയായിരുന്നു. രാജ്യത്തെ 36 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുത്തി വ്യാപകമായ ഫീൽഡ് പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.ഇതവണ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ രീതിയിലാണ് വിവരശേഖരണം നടക്കുന്നത്. 16 ഭാഷകളിൽ ലഭ്യമായ ഓൺലൈൻ പോർട്ടൽ വഴി ജനങ്ങൾക്കും സ്വയം വിവരങ്ങൾ സമർപ്പിക്കാം.ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ്, ഹൗസിങ് സെൻസസ് വഴി പാർപ്പിടവും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ നടക്കും, ഇതിൽ ജനസംഖ്യ, വിദ്യാഭ്യാസം, കുടിയേറ്റം, ജാതി തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടും.എന്നാൽ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ (NPR) പോലുള്ള പദ്ധതികളുമായി ബന്ധപ്പെടുത്തി ഡാറ്റ ശേഖരണം നടക്കുമോയെന്ന ആശങ്കയും പൊതുജനങ്ങളിൽ നിലനിൽക്കുന്നു. പുതിയ കണക്കുകൾ ഇല്ലാത്തതിനാൽ നിലവിൽ ഇന്ത്യ നയരൂപവത്കരണത്തിന് സാമ്പിൾ സർവേകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്.



