ഗുരുവായൂർ: അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ആദ്യമായി വനിതാ അംഗമായി എം.യു. ഷിനിജ എത്തി. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർമാനായിരുന്ന ഷിനിജയെയാണ് പുതിയ ഭരണസമിതിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. 1978ൽ ഭേദഗതി ചെയ്ത ഗുരുവായൂർ ദേവസ്വം ചട്ടപ്രകാരം രൂപീകരിച്ച ഭരണസമിതികളിൽ ഇതുവരെ ഒരു സ്ത്രീക്കും അംഗത്വം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഷിനിജയുടെ നിയമനം ചരിത്രപരമായ ഒരു സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ ഏറ്റെടുത്തതിന് ശേഷം രൂപീകരിച്ച ആദ്യകാല ഭരണസമിതികളിൽ സ്ത്രീകൾക്ക് പ്രതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും 1978ലെ ചട്ടഭേദഗതിക്കുശേഷം വനിതകൾ ഭരണസമിതിയിൽ നിന്ന് മാറിനിന്നിരുന്നു. സാഹിത്യകാരി എൻ. ബാലാമണിയമ്മയും ദേവകിയമ്മയും ഉൾപ്പെടെയുള്ളവർ ആദ്യകാല ഭരണസമിതികളിൽ അംഗങ്ങളായിരുന്നു. പിന്നീട് രൂപീകരിച്ച ഒമ്പത് അംഗ ഭരണസമിതികളിൽ സ്ത്രീകൾക്ക് ഇടം ലഭിച്ചിരുന്നില്ല.മൂന്ന് പാരമ്പര്യ അംഗങ്ങളും സംസ്ഥാന സർക്കാരിലെ ഹിന്ദു മന്ത്രിമാർ ചേർന്ന് നാമനിർദേശം ചെയ്യുന്ന ആറു അംഗങ്ങളും ഉൾപ്പെട്ടതാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി. സമിതിയുടെ കാലാവധി രണ്ട് വർഷമാണ്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സ്ഥാനങ്ങളിൽ പലപ്പോഴും സ്ത്രീകൾ എത്തിയിട്ടുണ്ടെങ്കിലും ഭരണസമിതിയിൽ അംഗമായി എത്തുന്നത് ഇതാദ്യമായാണ്.അതേസമയം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് തന്നെ സ്ത്രീയ്ക്ക് ഭരണസമിതിയിൽ അംഗത്വം ലഭിച്ചതും ശ്രദ്ധേയമായി. സി.പി.ഐയുടെ പ്രതിനിധിയായാണ് എം.യു. ഷിനിജ ഭരണസമിതിയിൽ എത്തുന്നത്. സ്ത്രീകളുടെ പങ്കാളിത്തം ക്ഷേത്രഭരണ രംഗത്തും ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ തീരുമാനത്തെ കാണുന്നത്.



