തിരുവനന്തപുരം വർക്കല ഡിവൈഎസ്പി ഓഫീസിന് മൂക്കിന് തുമ്പിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം. വ്യാപാരികളും കാൽനടയാത്രക്കാരും ദുരിതത്തിൽ.
ക്രമസമാധാനം പാലിക്കേണ്ട പോലീസ് ഡിവൈഎസ്പി ഓഫീസിന്റെ തൊട്ടടുത്ത് പട്ടാപ്പകൽ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടം. വർക്കല ടൗണിന്റെ ഹൃദയഭാഗത്ത് നടക്കുന്ന പരസ്യമായ മദ്യപാനവും അടിപിടിയും അസഭ്യവർഷവും കാരണം വ്യാപാരികളും പൊതുജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണ്.
രാവിലെ 10 മണിക്ക് മദ്യശാലകൾ തുറക്കുന്നതോടെയാണ് പ്രദേശത്ത് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഡിവൈഎസ്പി ഓഫീസിന് സമീപമുള്ള പൊതുശൗചാലയത്തിന്റെ മറപറ്റിയാണ് പ്രധാനമായും മദ്യപാനം നടക്കുന്നത്. മദ്യം കഴിച്ചെത്തുന്നവർ കാൽനടയാത്രക്കാർക്ക് നേരെ അസഭ്യം പറയുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു.
ടൗണിലെ പ്രധാന നടപ്പാതകൾ കയ്യേറി ചെരിപ്പ് റിപ്പയറിങ് നടത്തുന്ന തൊഴിലാളികളാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണക്കാരെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇവർക്കൊപ്പം ചേരുന്ന മദ്യപാനികൾ ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയന്നാണ് പോലീസ് സ്റ്റേഷന് മുന്നിലുള്ള ഈ വഴിയിലൂടെ കടന്നുപോകുന്നത്.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഒരാളെ
മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. അന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് ചില തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നിട്ടും പ്രദേശത്ത് യാതൊരു സുരക്ഷാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
നഗരസഭ അധികൃതരും പോലീസും അടിയന്തരമായി ഇടപെട്ട് നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും മദ്യപാനികളെ നിലയ്ക്കു നിർത്തണമെന്നുമാണ് ആവശ്യം. നടപടി വൈകുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും തീരുമാനം.



