പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാംകൂട്ടത്തിലിനെതിരെ ഒരു സ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയെത്തുടർന്ന് ശനിയാഴ്ച (ജനുവരി 10, 2026) അർദ്ധരാത്രിയോടെ പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംഗ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്.യുവതി വിവാഹിതയായിരുന്നു. വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയ വഴി രാഹുലിനെ പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു.പിന്നീട് താനുമായി പ്രണയത്തിലാകുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം ചെയ്തെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നമ്മൾ അകന്നുപോകില്ല എന്നുറപ്പാക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാൻ നേരിട്ട് കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. പുറത്തുവെച്ചു കാണാം എന്നായിരുന്നു രാഹുൽ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അത് മാറ്റി ഹോട്ടൽ മുറിയിൽ കാണാമെന്നാക്കി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ഹോട്ടൽ മുറിയിലെത്തിയപ്പോൾ തന്നെ ആദ്യത്തെ കൂടിക്കാഴ്ചയിൽ സംസാരിക്കാൻ പോലും നിൽക്കാതെ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഓവുലേഷൻ സമയം ആണെന്ന് പറഞ്ഞിട്ടുംകുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അതിക്രൂരമായ മർദനമേൽക്കേണ്ടി വന്നു. മുഖത്ത് അടിക്കുകയും തുപ്പുകയുമൊക്കെ ചെയ്തു. ദേഹത്ത്പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും പരാതിയിൽ പറയുന്നു. ഇതിനു ശേഷവും തന്നെ കാണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും പോയില്ല.
അതിനു ശേഷം യുവതി ഗർഭിണിയായി. ഗർഭിണിയാണെന്ന വിവരം രാഹുലിനെ അറിയിച്ചപ്പോൾ സ്വഭാവം പാടെ മാറിയെന്ന് പരാതിക്കാരി പറയുന്നു. വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണുണ്ടായത്. മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് അധിക്ഷേപിച്ചു. ഇതോടെയാണ് താൻ ഡിഎൻഎ പരിശോധന നടത്താൻ തയ്യാറായത്. അതിനായി ഒരു മെഡിക്കൽ ഏജൻസിയെ സമീപിച്ചു. മെഡിക്കൽ ഏജൻസി രാഹുലിനോട് ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ രാഹുൽ തയ്യാറായില്ല. രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദവുമുണ്ടായി. ഇതിന്റെയെല്ലാം തെളിവുകൾ തന്റെ പക്കലുണ്ടെന്നും പരാതിക്കാരി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.



