കൊച്ചി: കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിനൊപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങുന്ന കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതൽ ആരംഭിക്കും. വിവിധ റൂട്ടുകളിലായി നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് നാളെമുതൽ ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്നത്.ആലുവ-ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്-കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക. ആലുവ – എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. 33 സീറ്റുകളാണ് ഒരു ബസിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്‍റ് വഴിയാണ് പ്രധാനമായും ടിക്കറ്റിങ്ങ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുക.



