തിങ്കിങ് മെഷീൻസ് ലാബ് എന്ന പേരിൽ പുതിയ എഐ സ്റ്റാർട്ടപ്പിന് തുടക്കമിട്ട് മുൻ ഓപ്പൺ എഐ മേധാവി മിറ മുറാട്ടി. ഓപ്പൺ എഐ, മെറ്റ, മിസ്ട്രൽ ഉൾപ്പടെ എതിരാളികളായ സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീൻസ് ലാബിനായി മിറ മുറാട്ടി ഒരുക്കിയിരിക്കുന്നത്.എല്ലാവർക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്പോസ്റ്റിൽ പറയുന്നു.ഈ എഐ സംവിധാനങ്ങളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതുമായി ബന്ധപ്പെട്ട അറിവുകൾ മുൻനിര ഗവേഷണ ലാബുകളിൽ മാത്രം ഒതുങ്ങുകയാണ്. അത് എഐയുമായി ബന്ധപ്പെട്ട പൊതു സംവാദങ്ങൾക്കും എഐയുടെ ഫലപ്രദമായ ഉപയോഗത്തിനും തടസമാകുന്നുവെന്ന് തിങ്കിങ് മെഷീൻസ് ലാബ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.മാനുഷിക മൂല്യങ്ങൾ ഉൾപെടുത്തി സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ എഐ സംവിധാനങ്ങൾ നിർമിക്കാനാണ് തിങ്കിങ് മെഷീൻസ് ലാബ് ലക്ഷ്യമിടുന്നതെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു.കമ്പനിയിലെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാരും ഓപ്പൺ എഐയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. മുറാട്ടി ഓപ്പൺ എഐയിൽ നിന്ന് രാജിവെച്ച അതേ ദിവസം തന്നെ ഓപ്പൺ എഐയിൽ നിന്ന് പോയ ബാരറ്റ് സോഫ് എന്ന എഐ ഗവേഷകനും അതിൽ ഉൾപെടുന്നു. സോഫ് ആണ് തിങ്കിങ് മെഷീൻസ് ലാബിന്റെ ടെക്നോളജി മേധാവി. മുറാട്ടി. ഓപ്പൺ എഐയുടെ സഹസ്ഥാപകനായ ജോൺ ഷുൾമാൻ ആണ് തിങ്കിങ് മെഷീൻസ് ലാബിന്റെ ചീഫ് സൈന്റിസ്റ്റ്.കൂടുതൽ ഓപ്പൺ എഐ ജീവനക്കാർ തിങ്കിങ് മെഷീൻസ് ലാബിലേക്ക് പോവുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.മിറ മുറാട്ടിയാണ് തിങ്കിങ് മെഷീൻസ് ലാബിന്റെ സിഇഒ. 2018 ലാണ് മിറ മിറാട്ടി ഓപ്പൺ എഐയിൽ ചേർന്നത്. ചാറ്റ് ജിപിടിയുടെ നിർമാണ ജോലികളിൽ മുൻനിരയിലുള്ള വ്യക്തിയാണ് ഇവർ. സാം ഓൾട്ട്മാൻ അപ്രതീക്ഷിതമായി ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കപ്പെട്ട സമയം മിറ മുറാട്ടിയായിരുന്നു ഓപ്പൺ എഐയുടെ ഇടക്കാല മേധാവി. അതുവരെ ഓപ്പൺ എഐയിലെ ചീഫ് ടെക്നോളജി ഓഫീസർ ആയിരുന്നു മുറാട്ടി. ഓപ്പൺ എഐയ്ക്ക് മുമ്പ് ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാർട്ടപ്പായ ലീപ് മോഷൻ, ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളിലും മുറാട്ടി പ്രവർത്തിച്ചിട്ടുണ്ട്.



