ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ആണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ നടപടികൾക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.ആസാമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഗൗരവകരമായ കണ്ടെത്തലുകളാണ് പുറത്തുകൊണ്ടുവന്നത്. തമിഴ്നാട് ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 722 പേർക്ക് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ കുറഞ്ഞത് 404 പേർ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്ന് വ്യക്തമാക്കുന്നു.പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളിലും ഇത്തരത്തിലുള്ള കേസുകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. എ.ഐ.എ.ഡി.എം.കെ.യിലെ 170 സ്ഥാനാർത്ഥികളിൽ 60 പേർ, ടി.വി.കെ.യിലെ 231ൽ 43 പേർ, ഡി.എം.കെ.യിലെ 175ൽ 32 പേർ, ബി.ജെ.പി.യിലെ 33ൽ ഒമ്പത് പേർ, ഐ.എൻ.സി.യിലെ 28ൽ അഞ്ച് പേർ, പി.എം.കെ.യിലെ 18ൽ ആറ് പേർ, ഡി.എം.ഡി.കെ.യിലെ 10ൽ ഒരാൾ, സി.പി.ഐ.യിലെ അഞ്ച് സ്ഥാനാർത്ഥികളിൽ ഒരാൾ എന്നിവരാണ് ഗുരുതരമായ കേസുകൾ നേരിടുന്നതായി സത്യവാങ്മൂലങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്നത്.



