ജയിലര്‍ രജനികാന്തിന് നൽകിയത് പോലെയുള്ള വൻ വിജയം വേട്ടൈയന് നേടാനായില്ല. ഈ ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോള്‍ കൂലി എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ലിയോ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ രജനികാന്ത് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതിഹാസൻ, റെബേക്കാ മൊണിക്കാ ജോൺ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആമിര്‍ ഖാന്‍റെ ക്യാമിയോ ചിത്രത്തിലുണ്ടെന്നാണ് വിവരം. വലിയ താര നിരയുമായി വന്‍ ബജറ്റിൽ ഒരുക്കുന്ന സിനിമ സൺ പിക്‌ചേഴ്‌സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കൂലി ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടുകൂടിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുമ്പോള്‍ അതിന്‍റെ റിലീസ് തീയതി സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. നേരത്തെ മെയ് 1 ആണ് ചിത്രത്തിന്‍റെ റിലീസ് ഡേറ്റായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ചിത്രം വൈകിയേക്കും എന്നാണ് വിവരം. കൂലി ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടതായ റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ, രജനികാന്തിന്റെ ഭാഗ്യഡേറ്റ് കണക്കിലെടുത്ത് സൺ പിക്ചേഴ്‌സ് ജയിലര്‍ റിലീസായ ഓഗസ്റ്റ് 10-ാം തീയതിയില്‍ കൂലിയും റിലീസ് ചെയ്യാന്‍ പോകുന്നുവെന്നാണ് വിവരം.ജയിലര്‍ നെൽസൺ ദിലീപ്‌കുമാർ ആണ് സംവിധാനം ചെയ്തത്, സൺ പിക്ചേഴ്‌സ് തന്നെയാണ് നിർമാണവും. ഈ ചിത്രം ആഗോളതലത്തിൽ 650 കോടി രൂപയ്ക്ക് മുകളിലായി കളക്ഷൻ നേടുകയും രജനികാന്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുകയും ചെയ്തിരുന്നു.



