ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കി റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ സ്ക്വാഡ്രൺ രാജ്യത്തെത്തി. ‘സുദർശൻ ചക്ര’ എന്ന് പുനർനാമകരണം ചെയ്ത ഈ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം ഉടൻ അതിർത്തി മേഖലകളിൽ വിന്യസിക്കുമെന്നാണ് വിവരം. 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച ഏകദേശം 40,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ വാങ്ങുന്നത്. ഇതിൽ മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം പ്രവർത്തനസജ്ജമായിരിക്കെ നാലാമത്തേത് ഇപ്പോൾ ലഭിച്ചു. ഒരേസമയം വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള എസ്-400, ചൈനയും പാകിസ്താനും ഉൾപ്പെടെയുള്ള അതിർത്തി ഭീഷണികളെ നേരിടുന്നതിൽ ഇന്ത്യയ്ക്ക് വലിയ കരുത്താണ്. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷാവസാനമോ 2027-ന്റെ തുടക്കത്തിലോ ലഭിക്കുമെന്നാണ് പ്രതീക്ഷ.



