പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ദില്ലി: ഐഎസ്ആർഒയിലെ സുപ്രധാന കേന്ദ്രങ്ങളിൽ നേതൃമാറ്റം തുടരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ (SAC) പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാരിന്റെ വിരമിക്കൽ ഒഴിവിലേക്കാണ് നിയമനം. അതേസമയം, ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം. ശങ്കരനും ഈ മാസം വിരമിക്കുന്നതോടെ ഐഎസ്ആർഒയുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങളിൽ തലമുറമാറ്റം ശക്തമാകുകയാണ്. ഇതിനിടെ, ശാസ്ത്രജ്ഞരുടെ രാജികൾ ഭരണപരമായ കാരണങ്ങളാലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ഗഗൻയാൻ ഉൾപ്പെടെയുള്ള ദൗത്യങ്ങളിലെ ശാസ്ത്രജ്ഞർ രാജിവെച്ച പശ്ചാത്തലത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാൻ ഐഎസ്ആർഒ പുതിയ മെമ്മോ പുറത്തിറക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.



