ലണ്ടൻ: 80 വർഷത്തിനിടെ ആദ്യമായി രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടനിലുണ്ടായിരുന്ന രഹസ്യ ഭൂഗർഭ തുരങ്കങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറക്കുന്നു. ഒരിക്കൽ യുകെയുടെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളാണ് ഇവ. അന്ന് ചാരൻമാരാണ് ഈ രഹസ്യ തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നത്. പ്രശസ്തരായ ഒരു കൂട്ടം ആർക്കിടെക്റ്റുകൾ ഈ രഹസ്യ തുരങ്കങ്ങൾ പഴയ രീതിയിൽ തന്നെ പുനർനിർമ്മിക്കും. സിംഗപ്പൂരിലെ ഗാർഡൻസ് ബൈ ദി ബേ, ലണ്ടനിലെ ബാറ്റർസീ പവർ സ്റ്റേഷൻ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ചവരും ഈ സംഘത്തിലുണ്ട്. മധ്യ ലണ്ടനിൽ നിന്ന് ഏകദേശം 30 മീറ്റർ താഴെയായി ഒരു മൈൽ നീളമുള്ള തുരങ്ക ശൃംഖലയുണ്ട്. അത് ഇനി യുകെയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരിക്കും. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്ലിറ്റ്സ് ബോംബിംഗ് കാമ്പെയ്‌നിൽ നിന്ന് തദ്ദേശീയരെ സംരക്ഷിക്കുന്നതിനായി 1940കളിലാണ് കിംഗ്‌സ്‌വേ എക്‌സ്‌ചേഞ്ച് ഈ തുരങ്കങ്ങൾ നിർമ്മിച്ചത്. അന്നാണ് ഇവ അവസാനമായി പൊതുജനങ്ങൾക്കായി തുറന്നത്. യുദ്ധാനന്തരം, ഈ തുരങ്കങ്ങൾ കിംഗ്സ്‌വേ ടെലിഫോൺ എക്‌സ്‌ചേഞ്ചിനായി ഉപയോഗിച്ചു. നിലവിൽ 2027ൻ്റെ അവസാനമോ 2028ന്റെ തുടക്കത്തിലോ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി.
