ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ലേബലിങ് നിർദേശം നടപ്പാക്കാൻ കേന്ദ്രത്തിന് രണ്ടാഴ്ച സമയം അനുവദിച്ച കോടതി, ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ഘടകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും വ്യക്തമാക്കി.വ്യവസായ മേഖലയുടെ സമ്മർദത്തിന് വഴങ്ങരുതെന്ന് കേന്ദ്രസർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (എഫ്.എസ്.എസ്.എ.ഐ) കോടതി മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലേബലുകളുടെ ലക്ഷ്യം ഉൽപന്നങ്ങളുടെ വിൽപന തടയുകയല്ലെന്നും പകരം ഉപഭോക്താവിനെ ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവിനെക്കുറിച്ച് ബോധവൽക്കരിക്കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.ഫെബ്രുവരി 10ന് നൽകിയ മുൻ ഉത്തരവ് നടപ്പാക്കുന്നതിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്തിമവിധി പ്രഖ്യാപിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ലേബലിങ് നിർദേശം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.



