ന്യൂഡൽഹി: മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധപരിശീലനം നൽകിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത കേസിൽ അന്വേഷണം ശക്തമാകുന്നു. അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻഡൈക്ക് ഉൾപ്പെടെ ആറ് യുക്രെയ്ൻ സ്വദേശികളെയാണ് എൻ.ഐ.എ പിടികൂടിയത്. മാർച്ച് 13-ന് ഡൽഹി, ലഖ്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നടത്തിയ ഏകോപിത നീക്കത്തിലാണ് അറസ്റ്റ് നടന്നത്. കോടതിയുത്തരവോടെ ഇവരെ മാർച്ച് 27 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.അന്വേഷണപ്രകാരം, 2024 മുതൽ ഇവർ മ്യാൻമറിൽ എത്തി വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോണുകളും ജാമിങ് ഉപകരണങ്ങളും എത്തിക്കുകയും അവയുടെ ഉപയോഗത്തിൽ പരിശീലനം നൽകുകയും ചെയ്തതായി സംശയിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധമുള്ള മ്യാൻമർ ഗ്രൂപ്പുകൾക്ക് ഡ്രോൺ ഓപ്പറേഷൻ, അസംബ്ലിങ്, ജാമിങ് സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് അനധികൃതമായി ഡ്രോണുകൾ കടത്തിയതായും ചോദ്യം ചെയ്യലിൽ സൂചനകൾ ലഭിച്ചു.വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ സംഘം പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് ഇല്ലാതെ മിസോറാമിലേക്ക് കടന്ന് അവിടെ നിന്ന് മ്യാൻമറിലേക്ക് അനധികൃതമായി പ്രവേശിച്ചതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. മിസോറാം വഴി ഇവരെ സഹായിച്ച പ്രാദേശിക ബന്ധങ്ങളെ കണ്ടെത്താൻ ശ്രമം തുടരുന്നു. ഇതേസമയം, കേസിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺസുലാർ ആക്സസ് ഉൾപ്പെടെയുള്ള നിയമാവകാശങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ എംബസിയും വിഷയത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും വിശദമായ പ്രതികരണം നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായ് സംഘത്തിലെ ശേഷിക്കുന്ന എട്ട് പേരെ കണ്ടെത്താൻ എൻ.ഐ.എ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.



