കഫ് സിറപ്പുകളുടെ വിൽപ്പനയും വിതരണവും കൂടുതൽ കർശനമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ വിൽക്കാൻ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ചുകൊണ്ട് സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. ഇതോടെ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാകും. വ്യാജ കഫ് സിറപ്പുകൾ കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനാരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി നടപ്പാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1945 ലെ ഡ്രഗ് റൂൾസിലെ അഞ്ചാമത്തെ ഭേദഗതിയായാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.



