പൂനെയിലെ ലോഹഗഡ് കോട്ടയിൽ നടന്ന കേതൻ അഗർവാളിന്റെ മരണം ആദ്യം ഒരു ട്രെക്കിംഗ് അപകടമായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ അന്വേഷണത്തിൽ, പ്രതിശ്രുത വധു സിയ ഗോയലും അവളുടെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിത കൊലപാതകം നടത്തിയതാണെന്ന് പോലീസ് കണ്ടെത്തി. മെയ് 31 മുതൽ ജൂൺ 18 വരെ പലതവണ കേതനെ കൊല്ലാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒരിക്കൽ പാറക്കെട്ടിലേക്ക് തള്ളിയപ്പോൾ കുറ്റിക്കാട്ടിൽ പിടിച്ച് രക്ഷപ്പെട്ടതായും, മറ്റൊരു ദിവസം ജനക്കൂട്ടം കൂടുതലായതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായും അന്വേഷണത്തിൽ വ്യക്തമായി.ജൂൺ 18-ന് ലോഹഗഡ് കോട്ടയിലെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കേതനെ എത്തിച്ച ശേഷം, സിയയും ചേതനും ചേർന്ന് ആക്രമിച്ച് നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടെന്നാണ് പോലീസിന്റെ ആരോപണം. സംഭവത്തെ അപകടമരണമായി ചിത്രീകരിക്കാൻ സിയ ആദ്യം ശ്രമിച്ചെങ്കിലും, കേതന്റെ കുടുംബം സംശയം പ്രകടിപ്പിക്കുകയും കൂടുതൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ, ഇരുവരുടെയും ബന്ധം, മുൻപ് നടന്ന പരാജയപ്പെട്ട കൊലശ്രമങ്ങൾ എന്നിവ പുറത്തുവന്നതോടെ കേസ് കൊലപാതക അന്വേഷണമായി മാറി.



