2005 മുതൽ 2016 വരെ നിർമ്മിച്ച BS-III വാഹനങ്ങൾ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എന്നാൽ E20 ഇന്ധനം വാഹനങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നില്ലെന്നും, കാർ-ഇരുചക്രവാഹനങ്ങളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.ഐഒസിഎൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവയുടെ പഠനങ്ങളിൽ BS-VI വാഹനങ്ങൾ E20 ഇന്ധനം ഉപയോഗിച്ചാലും എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ഡ്രൈവിംഗ്, സ്റ്റാർട്ടബിലിറ്റി, മെറ്റൽ-പ്ലാസ്റ്റിക് കോംപാറ്റിബിലിറ്റി തുടങ്ങിയ കാര്യങ്ങളിലും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം, 2016-ന് മുമ്പ് നിർമ്മിച്ച BS-III വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, E20 ഉപയോഗിക്കുമ്പോഴുള്ള മൈലേജിലെ വ്യത്യാസം വാഹനപരിപാലനം, ഡ്രൈവിംഗ് ശീലം, ടയർ പ്രഷർ, ഓയിൽ-എയർ ഫിൽട്ടർ മാറ്റം, വീൽ അലൈൻമെന്റ്, എയർ കണ്ടീഷണർ ഉപയോഗം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും സർക്കാർ അറിയിച്ചു.



