കൊച്ചി: ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.



