ഗാസാ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേലിലേക്കുള്ള ആയുധ-സൈനിക സാമഗ്രികളുടെ കയറ്റുമതി അന്താരാഷ്ട്ര ബാധ്യതകളുടെ ലംഘനമാണെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ ആരോപണങ്ങൾ ഇന്ത്യ തള്ളി. സ്ട്രാറ്റജിക്, ഡ്യുവൽ-യൂസ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യത്ത് ശക്തമായ നിയമപരവും നിയന്ത്രണപരവുമായ സംവിധാനങ്ങളുണ്ടെന്നും ആഭ്യന്തര നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും പാലിച്ചാണ് ഇത്തരം കയറ്റുമതികൾ നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. 2023 ഒക്ടോബർ മുതൽ 2025 നവംബർ വരെ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് 2,596 ആയുധ ശൃംഖലാ ഷിപ്പ്മെന്റുകൾ അയച്ചതായി ചൂണ്ടിക്കാട്ടി, ഇന്ത്യ വംശഹത്യ നിരോധന കരാറുകളും ജനീവ കരാറുകളും ലംഘിക്കുന്നുവെന്നാരോപിച്ച് 42 പേജുള്ള റിപ്പോർട്ട് ആംനസ്റ്റി പുറത്തിറക്കിയിരുന്നു. എന്നാൽ കയറ്റുമതി ചെയ്ത സാമഗ്രികൾ യുദ്ധക്കുറ്റങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണത്തിൽ വിദേശകാര്യ മന്ത്രാലയം നേരിട്ട് പ്രതികരിച്ചില്ല.



