കൊച്ചി: കാർ പാർക്കിംഗ് ബിസിനസാക്കി മാറ്റുകയാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പായ കോക്കോനെറ്റ് സൊലൂഷൻസ്.മൂന്നുവർഷം മുമ്പ് ആരംഭിച്ച കമ്പനി മാർച്ചിൽ തിരുവനന്തപുരത്തേക്കും പാർക്കിംഗ് സൊല്യൂഷനുമായി എത്തും. മൊബൈൽ ആപ്പിലൂടെ അറിയിച്ചാൽ മതി. സ്ഥാപനത്തിന്റെ ഡ്രൈവർ എത്തി കാർ കൊണ്ടുപോകും. ആവശ്യപ്പെടുമ്പോൾ തിരിച്ചെത്തിക്കും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാടകയ്ക്കെടുത്താണ് പാർക്കിംഗ് സൗകര്യമൊരുക്കുന്നത്. കാറുകൾക്ക് മാത്രമാണ് ഇപ്പോൾ സേവനം.കാക്കനാട്ടെ ഡോക്ടേഴ്സ് ടവർ ആശുപത്രിയിൽ തുടക്കമിട്ടു. പിന്നീട് മെഡിക്കൽ ട്രസ്റ്റ്, ലിസി ആശുപത്രികൾ, തിരക്കേറിയ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവയെല്ലാം സേവനം ആവശ്യപ്പെട്ടു.സമ്മേളനങ്ങളുടെ സംഘാടകരും കോക്കോയെ സമീപിക്കുന്നുണ്ട്.
മണിക്കൂറിന് ഫീസ്50-80 രൂപവരെ
മണിക്കൂറിന് 50-80 രൂപവരെയാണ് പാർക്കിംഗ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപ അധികം നൽകണം.വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലിയായും ചെയ്യാം. പരിശീലനം നൽകും.18000 മുതൽ 30000 രൂപവരെ സമ്പാദിക്കാം. കോഴിക്കോട്, കോട്ടയം, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളിലും ഉടനെ ആരംഭിക്കും. ഫ്രാഞ്ചൈസിയും നൽകും.തിരികെപ്പോകുന്ന സമയം അറിയിച്ചാൽ ഏഴുമിനിറ്റുകൊണ്ട് കാർ തിരിച്ചെത്തിക്കും. കൊണ്ടുപോകുമ്പോൾ കാറിന്റെ ഫോട്ടോ എടുക്കും. തിരിച്ചെത്തിക്കുമ്പോൾ കാണിച്ച് ഉറപ്പ് വരുത്തിയാണ് കാർ കൈമാറുന്നത്. അപകടങ്ങൾ സംഭവിച്ചാൽ ഇൻഷ്വറൻസ് ലഭിക്കും.