മുംബൈ: അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തർ കേബിൾ ശൃംഖലയൊരുക്കാൻ പ്രോജക്ട് വാട്ടർവർത്ത് എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഉൾപ്പെടും. ഭൂമിയുടെ ചുറ്റളവിനെക്കാൾ കൂടുതൽ ദൂരത്തിൽ വരുന്ന കേബിൾ ശൃംഖല 2039-ഓടെ പൂർത്തിയാക്കാനാണ് മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് ലക്ഷ്യമിടുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനുപിന്നാലെ പ്രഖ്യാപിച്ച പദ്ധതിയിൽ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കേബിൾ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കുന്നതിൽ ഇന്ത്യ പങ്കാളിയാകും. ഈ ഭാഗത്തെ കേബിളിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും നിർവഹിക്കാനും ധാരണയായിട്ടുണ്ട്.പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ ശൃംഖലയായിരിക്കുമിത്. നിലവിലുള്ളവയെക്കാൾ അത്യാധുനിക സാങ്കേതികവിദ്യയിലുള്ള കേബിൾ ശൃംഖലയുടെ ശേഷിയും വളരെ ഉയർന്നതായിരിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.ആഗോളതലത്തിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത് സമുദ്രാന്തർ കേബിൾ ശൃംഖലയെയാണ്. മെറ്റയുടെ പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യ, അമേരിക്ക, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങി പ്രധാന രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റി ശക്തമാകും.



