ലക്നൗ: ഉത്തർപ്രദേശിൽ പുരോഗമിക്കുന്ന മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേർ സ്നാനത്തിൽ പങ്കെടുത്തെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനത്തിൽ പങ്കെടുക്കാൻ വിവിധ സന്ന്യാസി സംഘങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.രണ്ടാം ദിനമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ മകര സംക്രാന്തിയോടനുബന്ധിച്ച് ഒന്നാം അമൃത സ്നാനമാണ് നടക്കുന്നത്. മഹാ കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. നാഗ സന്ന്യാസിമാരടക്കം 13 സന്ന്യാസി അഖാഡകൾ ഘോഷയാത്രായി ഇപ്പോൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.സന്ന്യാസിമാർക്ക് സ്നാനത്തിനായി പ്രത്യേക ഘാട്ടുകൾ തയാറാക്കിയെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴരയോടെ സ്നാനത്തിൽ പങ്കെടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. ഇന്ന് ആകെ മൂന്ന് കോടി പേർ സ്നാനത്തിന് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യ ദിനമായ ഇന്നലെ മാത്രം ഒന്നരകോടി പേരാണ് സ്നാനത്തിൽ പങ്കെടുത്തത്.



