റിയാദ്: ഇലക്ട്രിക് കാറുകളുടെ നിർമാണമേഖലയിൽ പ്രമുഖരായ ലൂസിഡ് കമ്പനിയുടെ ഉൽപന്നങ്ങൾ ഇനി മുതൽ ‘സൗദി മെയ്ഡ്’. ഉദ്പാദന മേഖലയെ തദ്ദേശീയവത്കരിക്കാനുള്ള ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രോഗ്രാമിൽ ലൂസിഡ് കമ്പനി ഔദ്യോഗികമായി ചേർന്നു. കമ്പനിക്ക് അതിന്റെ ഉൽപ്പന്നങ്ങളിൽ ‘സൗദി മെയ്ഡ്’ ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഇതോടെ ലഭിച്ചു.ഈ ലോഗോ സ്വന്തമാക്കിയ ആദ്യത്തെ അന്താരാഷ്ട്ര കാർ നിർമാണ കമ്പനിയായി ലൂസിഡ്. സ്വന്തം വിഭവശേഷിയാൽ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രിക് കാറുകൾ നിർമിക്കാനുള്ള സൗദിയുടെ കഴിവ് ഉയർത്തിക്കാട്ടുന്നതാണ് ഇത്. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ വികസനത്തിന് ഇത് വലിയരീതിയിൽ ഗുണം ചെയ്യും. ലൂസിഡ് കമ്പനിയുടെ കാറിൽ ‘സൗദി മെയ്ഡ്’ ലോഗോ പതിച്ചുകൊണ്ട് വ്യവസായ ധാതുവിഭവ വകുപ്പ് മന്ത്രി എ. ബന്ദർ അൽഖുറൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.



