അമേരിക്കൻ സർക്കാരിന് മാത്രം സ്വന്തമായ ഒരു പ്രതിഭാസമാണ് ഷഡ്ഡൌൺ (Shutdown). അതായത് സർക്കാരിന് പ്രവർത്തിക്കാനുള്ള ഫണ്ട് ഇല്ലാതാവുക. അതോടെ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം വരെ ഇല്ലാതെയാകുന്ന അവസ്ഥ. 1980 -ലാണ് ഈയൊരു അവസ്ഥയുടെ തുടക്കം. പിന്നെയിതുവരെ 10 തവണ സർക്കാർ അടച്ചു പൂട്ടേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ വക്കുവരെയെത്തി ഇപ്പോഴും. ഇത്തവണ പക്ഷേ ചരടുവലിച്ചത് എലൺ മസ്കാണ്. ആദ്യത്തെ ബിൽ റിപബ്ലിക്കൻ, ഡമോക്രാറ്റ് അംഗങ്ങൾ ഒരുമിച്ച് ധാരണയാക്കിയതാണ്. പക്ഷേ അത് മസ്കിന്‍റെ ഇടപെടലിനെത്തുടർന്ന് വേണ്ടെന്നുവച്ചു. പിന്നെ ട്രംപ് കൂടി അംഗീകരിച്ച ബിൽ തയ്യാറാക്കി. മസ്കിന്‍റെ എക്സ് പോസ്റ്റുകളിലൂടെ അതിന്‍റെയും മരണ മണിയടിച്ചു. 38 റിപബ്ലിക്കൻ അംഗങ്ങളാണ് ഡമോക്രാറ്റുകൾക്കൊപ്പം എതിർത്ത് വോട്ടുചെയ്തത്. തന്‍റെ അധികാരത്തിന് പരിധികളുണ്ടെന്ന് ട്രംപിന് ബോധ്യമായെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും അവസാന ശ്രമം വിജയിച്ചു. സഭ പാസാക്കി, പക്ഷേ, സമയപരിധി കടന്നിട്ടാണ് സെനറ്റ്, ബിൽ പാസാക്കിയത്.
റിപബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിൽ നേർത്ത ഭൂരിപക്ഷമേയുള്ളൂ. അങ്ങനെ വരുമ്പോൾ പലപ്പോഴും ബില്ലുകൾ പാസാക്കുന്നത് ബുദ്ധിമുട്ടാണ്. പ്രതിപക്ഷം എപ്പോഴും എതിർക്കും. ഇപ്പോഴും അതാണുണ്ടായത്. ഡമോക്രാറ്റുകൾ എതിർത്തു. പക്ഷേ, അതിനൊപ്പം കൂടി കുറേ റിപബ്ലിക്കൻ അംഗങ്ങളും. അതോടെ ബിൽ തള്ളി. റിപബ്ലിക്കൻ നിരയിലെ ഈ മലക്കംമറിച്ചിലിന് കാരണം മസ്കാണ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ മസ്ക്, ബില്ലിനെ തള്ളിപ്പറഞ്ഞു. റിപബ്ലിക്കൻ സ്പീക്കർ കഷ്ടപ്പെട്ടാണ് ഡമോക്രാറ്റ് അംഗങ്ങളെക്കൂടി ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി പിന്തുണ ഒപ്പിച്ചു വച്ചിരുന്നത്. മസ്കിന്‍റെ പോസ്റ്റുകളുടെ എണ്ണം കൂടിയപ്പോൾ, 70 എണ്ണം എന്നാണ് കണക്ക്. പിന്നാലെ ട്രംപും അണിചേർന്നു. തന്‍റെ താൽപര്യക്കുറവ് അറിയിച്ചു. ഇപ്പോഴുള്ള പോലെ ഒരു പരിധി തന്നെ വേണ്ടെന്നും ട്രംപ് നിർദ്ദേശിച്ചു. അതും കൂടിയായപ്പോൾ റിപബ്ലിക്കൻ അംഗങ്ങൾ കാലുമാറി. ബിൽ പരാജയപ്പെട്ടു.
ജനങ്ങളുടെ ശബ്ദം വിജയിച്ചു’ എന്നായിരുന്നു മസ്ക് അവകാശപ്പെട്ടത്. ‘ജയിച്ചത് മസ്കിന്‍റെ ശബ്ദം’ എന്നാണ് മാധ്യമപക്ഷം. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഏകാധിപതികൾ പതിവായി പറയുന്ന ഒരു വാക്കാണ് ‘ജനം’. സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കിയിട്ട് ‘ജനങ്ങൾ ഞങ്ങൾക്കൊപ്പം, ജനം വിജയിച്ചു’ എന്നൊക്കെയങ്ങ് പ്രസ്താവിക്കും. അതുതന്നെയാണ് മസ്കും ട്രംപും ചെയ്തിരിക്കുന്നത്. നടപ്പായത് അവരുടെ ഇഷ്ടം.ഇനി വരാൻ പോകുന്ന ട്രംപ് സർക്കാരിന്‍റെ ഭരണം എങ്ങനെയായിരിക്കും എന്നതിന്‍റെ ഒരു ചെറിയ ടെസ്റ്റ് ഡോസാണിത്. പക്ഷേ, മസ്കിന്‍റെ ഈ ‘സൂപ്പർ പ്രസിഡന്‍റ്’ കളിയിൽ റിപബ്ലിക്കൻ നിരയിൽ അഭിപ്രായ ഭിന്നത തുടങ്ങിയിട്ടുണ്ട്. ‘ചേംബറിൽ അയാളില്ലല്ലോ’ എന്ന് പ്രതികരിച്ചത് ഗ്ലെന്‍ തോംപ്സണ്‍. ‘പ്രസിഡന്‍റ് മസ്ക്’ എന്ന് ഡമോക്രാറ്റുകൾ പരിഹാസ രൂപേണ പറഞ്ഞു തുടങ്ങിയിരിക്കുന്നു. റിപബ്ലിക്കൻ നിരയിൽ അല്ലെങ്കിൽ തന്നെ ഭിന്നതകൾ രൂക്ഷമാണ്.2022 -ൽ കെവിന്‍ മെക്കാര്‍ത്തിയെ നീക്കാനുളള ശ്രമം, പിന്നെ രാജി, പുതിയ ആളെത്താൻ ആഴ്ചകളെടുത്തത് ഇതൊക്കെ ഉദാഹരണം. അതിന് പുറമേയാണ് മസ്കിന്‍റെ കളികൾ. ട്രംപിന്‍റെ ഇടപെടൽ സ്വന്തം പാർട്ടിയിൽ തന്നെ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കളി ആവർത്തിച്ചാൽ അധികാരമേറിക്കഴിഞ്ഞ് ട്രംപിന് തന്നെ അത് വിനയാകുമെന്നതിന് രണ്ടുപക്ഷമില്ല. സ്പീക്കർ മൈക്ക് ജാന്‍സണ്‍ രണ്ടാമൂഴത്തിന് തയ്യാറായി നിൽക്കയാണ്. പക്ഷേ, ഇങ്ങനെ പോയാൽ അതും കുഴപ്പത്തിലാകും.
ഫണ്ടിംഗ് ഇല്ലാതാവുക’ എന്നാൽ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ഇല്ലാതെയാകുമെന്ന് അർത്ഥം. ചിലർക്ക് വീട്ടിൽ പോയിരിക്കാം. ചിലർ പണിയെടുക്കേണ്ടിവരും. പക്ഷേ ശമ്പളം ആർക്കും കിട്ടില്ല. ഏതാണ്ട് 8,75,000 പേർക്ക് ജോലിയുമില്ല. കൂലിയുമില്ല എന്ന അവസ്ഥയാകും. 14 ലക്ഷം പേർ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും. എഫ്ബിഐ, ബോർഡർ പട്രോള്‍, സൈനികർ തുടങ്ങിവരാണ് അടിയന്തര വിഭാഗത്തിൽ വരുന്നത്. കോടതികളിൽ ക്രിമിനൽ കേസുകൾ മാത്രം നടക്കും. അങ്ങനെ പലതും തലകീഴ്മേലാകും. സോഷ്യൽ സെക്യൂരിറ്റിയെ ബാധിക്കില്ല. സൈന്യത്തേയും. പക്ഷേ, ദേശീയ പാർക്കുകൾ അടക്കും. നികുതി റീഫണ്ട് കിട്ടില്ല. ഭക്ഷ്യ സഹായ പദ്ധതികൾ നിലക്കും. ബിൽ പാസാക്കാനുള്ള അവസാനഘട്ടത്തിൽ ‘കൺടിന്യൂയിംഗ് റെസോലൂഷൻ'(Continuing Resolution) എന്നൊരു അവസ്ഥ നിലവിൽ വരും. അതായത് താൽകാലികമായി ചെലവാക്കാനുള്ള ബിൽ. പക്ഷേ, അവസാനശ്രമവും പരാജയപ്പെട്ടാൽ പിന്നെ അടച്ചുപൂട്ടൽ തന്നെ.



