വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് 2023-24 എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുളളത്. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച 33 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. പട്ടികയില്‍ കേരളം 30ാം സ്ഥാനത്താണ് ഉളളത്.
2018-19 നും 2022-23 നും ഇടയിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.എസ്.ഡി.പി) കേരളത്തിൻ്റെ ശരാശരി വാർഷിക വളർച്ചാ നിരക്ക് (എ.എ.ജി.ആർ) 3.16 ശതമാനമാണ്. ഡൽഹി (3.13%), ഉത്തരാഖണ്ഡ് (2.16%), ഗോവ (0.70%) എന്നിവയാണ് പട്ടികയില്‍ കേരളത്തിന് പിറകിലുളളത്. 6.75 ശതമാനം വളർച്ചയുമായി മിസോറം ഒന്നാം സ്ഥാനത്തും ഛത്തീസ്ഗഢ് (6.64%), ഗുജറാത്ത് (6.26%) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ കാലയളവിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. കർണാടകയുടെ സമ്പദ്‌വ്യവസ്ഥ 5.62 ശതമാനം വളർച്ച നേടി. തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ യഥാക്രമം 5.61 ശതമാനം, 5.27 ശതമാനം, 5.19 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.