മസ്കത്ത്: ദോഫാർ ഗവർണറേറ്റടക്കമുള്ള തീരങ്ങളിൽ മത്തി മത്സ്യബന്ധന സീസണിന് ഔദ്യോഗികമായി തുടക്കമായി. ഒമാനിലെ മത്തി പ്രേമികള്‍ക്കിനി സുലഭമായി മത്തി ലഭിക്കും. വരും ദിനങ്ങളില്‍ മത്സ്യവിപണി കീഴടക്കാന്‍ കൂടുതല്‍ മത്തിയെത്തും.‘അൽ ജാരിഫ്’ എന്ന പരമ്പരാഗത മത്സ്യബന്ധന വലകൾ ഉപയോഗിച്ചാണ് മീൻ പിടിക്കുന്നത്. സംഘടിതമായാണ് മത്സ്യബന്ധനത്തിലേർപ്പെടാറുള്ളത്. ഇങ്ങനെ സംഘടിതമായി പ്രവർത്തിക്കുന്നതിനെ ‘അൽ-ദാഗിയ’ എന്നാണറിയപ്പെടുക. സങ്കീർണമായ ഈ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക പരിചയസമ്പന്നരായ ആളുകളാണ്.
സൈഫ’ എന്ന് വിളിക്കുന്ന കയറുകളിൽനിന്ന് ‘ഗ്രീഫ്’ എന്ന ആധുനിക വലകളിലേക്കുള്ള മാറ്റം മത്സ്യബന്ധനത്തിൽ വന്ന പരിവർത്തനത്തെ സൂചിപ്പിക്കുന്നതാണെന്ന് മുതിർന്ന മത്സ്യത്തൊഴിലാളിയായ സലേം ബിൻ സയീദ് അൽ ബറക പറഞ്ഞു. നെയ്തെടുക്കുന്ന ഈ വലകൾക്ക് ഏകദേശം 100 മീറ്റർ നീളമുണ്ടാകും. പ്രവർത്തിക്കാൻ 40 തൊഴിലാളികൾ വരെ ആവശ്യമാണ്. മികച്ച മുന്നൊരുക്കങ്ങളും ഉപകരണങ്ങളും മറ്റും അറ്റകുറ്റപ്പണി നടത്തിയുമാണ് സീസണിനെ വരവേൽക്കാൻ ഒരുങ്ങുക. ശരത്കാലത്തിനുശേഷമുള്ള ഉയർന്ന തിരമാലകൾ പോലുള്ള വെല്ലുവിളികൾക്കിടയിലും, ദോഫാറിലെ മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനത്തിന് മത്തി അത്യന്താപേക്ഷിതമാണെന്ന് യുവ മത്സ്യത്തൊഴിലാളിയായ ഹാനി ബിൻ സലേം ബാത്മി പറഞ്ഞു.ല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സലാല തീരത്ത് മത്തിയുടെ സീസൺ ആരംഭിക്കുന്നത്. പടിഞ്ഞാറ് റെയ്സ്യൂത്തിനും കിഴക്ക് മിർബാത്തിനും ഇടയിലുള്ള കടൽത്തീരത്താണ് മത്തിക്കൂട്ടങ്ങളെ കൂടുതലായി കാണപ്പെടുന്നത്.മത്തി മത്സ്യബന്ധനം നടത്തുക ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളായിട്ടാണ്. ഓരോ ഗ്രൂപ്പിലും 20 മുതൽ 30വരെ അംഗങ്ങളാണുണ്ടാവുക. കഴിവും കൃത്യതയും ക്ഷമയും ആവശ്യമുള്ള കഠിനജോലിയാണ് മത്തിപിടിത്തം. മത്തി ശേഖരിക്കുന്ന സ്ഥലം കണ്ടെത്തുക, വല എറിയുക, വാഹനങ്ങളിൽ കയറ്റുന്നതിന് മുമ്പ് കരയിലേക്ക് മാറ്റുക എന്നിവ ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.



