നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി തൊടുപുഴ പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു അതേസമയം, നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ൽ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയിൽ കരമന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ പുറത്തു പറഞ്ഞുകൊണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവരും നടികളും രംഗത്തുവന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ നടി 2013 ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെന്നാണ് പരാതി. ആദ്യം നടന്റെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.



