യുപിഐ മാതൃകയിൽ അന്താരാഷ്ട്ര ഇടപാടുകൾക്കായി ‘ബ്രിക്സ് പേ’ സംവിധാനം മുന്നോട്ടുവച്ച് ഇന്ത്യ. പദ്ധതി കൂടുതൽ പഠിക്കുന്നതിനായി ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഉച്ചകോടിയിൽ അംഗീകാരം നൽകി. ഡിജിറ്റൽ പേയ്‌മെന്റിൽ ഇന്ത്യയുടെ മാതൃക മറ്റ് ബ്രിക്സ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രധാന ചുവടുവയ്പ്പാണിത്. ‘ബ്രിക്സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴിൽക്ഷമത, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷിവികസനം എന്നിവ ശക്തിപ്പെടുത്താനും ‘ബ്രിക്സ് എംഎസ്എംഇ കോ-ഓപ്പറേഷൻ പോർട്ടൽ’ വഴി ചെറുകിട സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. നഗരങ്ങൾക്കിടയിൽ മികച്ച മാതൃകകൾ പങ്കുവെക്കുന്നതിനായി ‘ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്ബും’ സ്ഥാപിക്കും. ബ്രിക്സിലൂടെ വികസിപ്പിക്കുന്ന ആശയങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.



