രാജ്യത്തെ വർധിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ കൃഷിയിൽ ജലഉപയോഗം കുറയ്ക്കുന്ന പ്രിസിഷൻ അഗ്രികൾച്ചർ രീതികളുമായി ഐ.ഐ.ടി മദ്രാസ് രംഗത്ത്. കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് നെല്ലും കരിമ്പും കൃഷി ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഐ.ഐ.ടി മദ്രാസ് വികസിപ്പിക്കുന്നത്. കൃത്രിമ ബുദ്ധി, സെൻസറുകൾ, നെറ്റ്വർക്ക് സാങ്കേതികവിദ്യ, സൈബർ ഫിസിക്കൽ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി. മണ്ണിലെ ഈർപ്പം കൃത്യമായി അളന്ന് ആവശ്യമായ സമയത്ത് മാത്രം ജലസേചനം നടത്തുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. ‘ആൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്’ പോലുള്ള നൂതന രീതികളും ഇതിനായി പ്രയോജനപ്പെടുത്തും. ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ ശരാശരി 1,500 മുതൽ 2,000 ലിറ്ററിലധികം വെള്ളം ആവശ്യമായ സാഹചര്യത്തിൽ, ഈ സാങ്കേതികവിദ്യ കാർഷിക മേഖലയിലെ ജലസംരക്ഷണത്തിന് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



