പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക ദൗത്യത്തെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തുന്നു. ആക്രമണ വാർത്ത അറിഞ്ഞയുടൻ വിദേശ സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിമാനത്താവളത്തിൽ വെച്ചുതന്നെ ഉന്നതതല യോഗം വിളിച്ചുചേർത്തു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അവർ എവിടെയാണെങ്കിലും കണ്ടെത്തി കൃത്യമായി തിരിച്ചടിക്കണമെന്ന് അദ്ദേഹം അജിത് ഡോവലിന് കർശന നിർദ്ദേശം നൽകി. ഇന്ത്യയുടെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുതെന്നും രാജ്യസുരക്ഷയ്ക്കായി എത്ര ദൂരത്തോളം പോകാനും ഇന്ത്യ സജ്ജമാണെന്നും വ്യക്തമാക്കിയ ഡോവൽ, അവസാന ഭീകരനെയും ഇല്ലാതാക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അറിയിച്ചു.2025 മെയ് 7 മുതൽ മെയ് 10 വരെ നീണ്ടുനിന്ന 88 മണിക്കൂർ ദൈർഘ്യമുള്ള ഒരു രഹസ്യ ദൗത്യമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ഈ ദൗത്യം ആസൂത്രണം ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ കരുത്തും സൈനിക മികവും ലോകത്തിന് കാട്ടിക്കൊടുത്ത ഈ ദൗത്യം അതീവ രഹസ്യമായിരുന്നതിനാൽ, പങ്കെടുത്ത സൈനികരുടെ വിവരങ്ങൾ ഒരു മാസം മുൻപാണ് സർക്കാർ പുറത്തുവിട്ടത്. ഉന്നത സൈനിക നേതൃത്വങ്ങളുടെയും പ്രതിരോധ വിദഗ്ധരുടെയും അനുഭവങ്ങൾ ഉൾപ്പെടുത്തി ഡിസ്കവറി ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഈ ദൗത്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങളും വാർറൂം സംഭവങ്ങളും ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത്.



