റിസർവ് ബാങ്കിന്റെ വിദേശ കറൻസി നിക്ഷേപ പദ്ധതിയിലൂടെ ഡോളർ വരവ് വർധിച്ചതോടെ രാജ്യത്തെ ബാങ്ക് നിക്ഷേപം ജൂലൈ അവസാനത്തോടെ റെക്കോർഡ് 269.4 ലക്ഷം കോടി രൂപയിലെത്തി. ജൂലൈ 31ന് അവസാനിച്ച ആറാഴ്ചയ്ക്കിടെ ബാങ്കിംഗ് മേഖലയിലെ നിക്ഷേപം ഏകദേശം 11 ലക്ഷം കോടി രൂപ വർധിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുണ്ടായ ഇടിവിന് ശേഷമാണ് ഈ വൻ തിരിച്ചുവരവ്. വിദേശത്തുനിന്നുള്ള ഡോളർ രൂപയിലേക്ക് മാറ്റിയത് നിക്ഷേപ വർധനയ്ക്ക് പ്രധാന കാരണമായെന്ന് പൊതുമേഖലാ ബാങ്ക് അധികൃതർ വ്യക്തമാക്കി. വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ജൂണിൽ ആർ.ബി.ഐ പ്രത്യേക സ്വാപ്പ് വിൻഡോകൾ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ബാങ്കുകളുടെ വായ്പാ ശേഷി വർധിക്കുകയും നിക്ഷേപ-വായ്പാ അനുപാതം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.



