തെക്കൻ കശ്മീരിലെ കുൽഗാമിൽ നടന്ന ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം തീവ്രവാദികൾ വെടിയുതിർത്ത് ആക്രമണം നടത്തിയത്. പരിക്കേറ്റയാളെ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ജൂലൈ 22ന് ശേഷം കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ലക്ഷ്യമിട്ട ആക്രമണമാണിത്.സംഭവത്തെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശക്തമായി അപലപിക്കുകയും ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ കണ്ടെത്തി ഇല്ലാതാക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയതായും അറിയിച്ചു. ബിജെപി, പിഡിപി, അപ്നി പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ആക്രമണത്തെ അപലപിച്ചു. കുടുംബത്തെ പോറ്റാനായി ജോലി ചെയ്തിരുന്ന നിരപരാധികളായ തൊഴിലാളികളെ ലക്ഷ്യമിട്ട ആക്രമണം മനുഷ്യത്വവിരുദ്ധവും കശ്മീരിന്റെ സാഹോദര്യ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് നേതാക്കൾ പ്രതികരിച്ചു.



