കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) ഉൽപ്പന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണികളിലെത്തിക്കാൻ സംസ്ഥാന സർക്കാരും ഫ്ലിപ്കാർട്ടും ചേർന്ന് പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. വാൾമാർട്ടിന്റെ CSR പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ സംരംഭത്തിലൂടെ സംരംഭകർക്ക് ഡിജിറ്റൽ ബിസിനസ്, ഓൺലൈൻ വിപണനം, പാക്കിംഗ്, ബ്രാൻഡിംഗ്, വിദേശ വിപണിയിലെ നിയമങ്ങൾ എന്നിവയിൽ സൗജന്യ പരിശീലനം നൽകും. വിദേശ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ വാൾമാർട്ടിന്റെ ശൃംഖല വഴി ആഗോള വിപണിയിലെത്തിക്കാനും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രൊഡക്ട് ഇമേജുകൾ തയ്യാറാക്കുന്നതിനും കമ്പനി പിന്തുണ നൽകും.



