ന്യൂഡൽഹിയിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ തകർത്തു. അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ പത്തോളം പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ഈ സംഘം, ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന സർക്കാർ സ്ഥാപനങ്ങളും ജനത്തിരക്കേറിയ ഇടങ്ങളും നിരീക്ഷണ വിധേയമാക്കി.അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ രഹസ്യമായി അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച് തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അടിസ്ഥാന സൗകര്യങ്ങളിലെ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിനുമാണ് ഈ വിവരങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ് വിവരം.ആഴ്ചകളോളം നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ശൃംഖലയിലെ പ്രധാന പ്രവർത്തകരായ പത്തുപേരെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനാകുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.



