ഗൂഗിൾ വിസിനെ 32 ബില്ല്യൺ ഡോളർക്കു ഏറ്റെടുത്തു; ക്ലൗഡ് സുരക്ഷ ശക്തിപ്പെടുത്താൻ വമ്പൻ നീക്കംലോകത്തിലെ മുൻനിര ടെക് കമ്പനിയായ ഗൂഗിൾ ഇസ്രയേലി സൈബർ സുരക്ഷാ കമ്പനിയായ വിസ് (Wiz) നെ 32 ബില്ല്യൺ ഡോളർ (ഏകദേശം ₹2.6 ലക്ഷം കോടി) വിലയ്ക്ക് സ്വന്തമാക്കി. സൈബർ സുരക്ഷാ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായി ഈ ഇടപാട് കണക്കാക്കപ്പെടുന്നു. ഗൂഗിളിന്റെ ക്ലൗഡ് സേവനമായ ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ ഏറ്റെടുക്കലിന്റെ പ്രധാന ലക്ഷ്യം.ക്ലൗഡ് സുരക്ഷ മെച്ചപ്പെടുത്തുകയും വിവിധ ക്ലൗഡ്, എഐ പ്ലാറ്റ്ഫോമുകളിൽ സ്ഥാപനങ്ങൾ വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. ഗൂഗിൾ ക്ലൗഡും വിസും ചേർന്ന് സൈബർ ഭീഷണികൾ കണ്ടെത്താനും തടയാനും പ്രതിരോധിക്കാനും സഹായിക്കുന്ന ഏകീകൃത സുരക്ഷാ പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത് എക്കാലത്തും ഗൂഗിളിന്റെ പ്രധാന ലക്ഷ്യമാണെന്ന് കമ്പനിയുടെ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. കൂടുതൽ കമ്പനികളും സർക്കാരുകളും പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറ്റുകയും ജനറേറ്റീവ് എഐയുടെ ഉപയോഗം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിസിനെയും ഗൂഗിൾ ക്ലൗഡിനെയും ഒന്നിപ്പിക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്ന് സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.2024-ൽ തന്നെ വിസിനെ ഏറ്റെടുക്കാൻ ഗൂഗിൾ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വിസിന്റെ സിഇഒ ഗൂഗിളിന്റെ വാഗ്ദാനം നിരസിച്ചിരുന്നു. പിന്നീട് വിസ് അതിവേഗം വളർന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ക്ലൗഡ് സുരക്ഷാ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറി. ഇതോടെ 2025 തുടക്കത്തിൽ ഗൂഗിളും വിസും വീണ്ടും ഏറ്റെടുക്കൽ ചർച്ചകൾ ആരംഭിച്ചു.ആദ്യം വാഗ്ദാനം ചെയ്തതിനെക്കാൾ വളരെ ഉയർന്ന തുക മുടക്കിയാണ് ഇപ്പോൾ ഗൂഗിൾ വിസിനെ ഏറ്റെടുക്കുന്നത്. വിസിന്റെ വളർച്ചാ സാധ്യതയും സൈബർ സുരക്ഷാ ശേഷി ശക്തിപ്പെടുത്തേണ്ടതിലുള്ള ഗൂഗിളിന്റെ ആവശ്യവും പരിഗണിച്ചാണ് ഈ നീക്കം. വിസിനെ ഏറ്റെടുക്കുന്നത് മൈക്രോസോഫ്റ്റ് അസൂർ, ആമസോൺ വെബ് സർവീസസ് പോലുള്ള എതിരാളികളുമായുള്ള ക്ലൗഡ് സേവന മത്സരത്തിൽ ഗൂഗിളിന് വലിയ ശക്തിയാകുമെന്നാണ് വിലയിരുത്തൽ.



