ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടായി. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. സ്മിത്ത് പുറത്തായശേഷം മധ്യനിര തകര്‍ന്നെങ്കിലും 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും തുടക്കത്തില്‍ മുഹമ്മദ് ഷമി വിട്ടു കളഞ്ഞ ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. പവര്‍ പ്ലേ തീരുന്നതിന് തൊട്ടുമുമ്പ് ഭീഷണിയായി ക്രീസില്‍ നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തി 39 റണ്‍സടിച്ച ഹെഡിനെ ചക്രവര്‍ത്തിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ഭാഗ്യത്തിന്‍റെ പിന്തുണയോടെ ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ 100 കടത്തി.



