ന്യൂഡൽഹി: ഒബിസി ക്രീമിലെയർ സംബന്ധിച്ച സുപ്രീംകോടതിയുടെ മാർച്ച് 11ലെ വിധി 2025ലെ സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ബാധകമാക്കണമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് വ്യക്തത തേടി. മാതാപിതാക്കളുടെ വരുമാനം മാത്രം അടിസ്ഥാനമാക്കി ക്രീമിലെയർ പദവി നിർണയിക്കാനാകില്ലെന്നും സാമൂഹിക സ്ഥിതിയും മാതാപിതാക്കൾ വഹിക്കുന്ന തസ്തികയും പദവിയും ഉൾപ്പെടെ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2025ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ വിധി വന്നത്. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ, 2025ലെ ബാച്ചിനും ഇത് ബാധകമാക്കണമോയെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ചോദ്യം. ക്രീമിലെയർ നിർണയം കേഡർ അലോട്ട്മെന്റിനെ ഉൾപ്പെടെ ബാധിക്കാനിടയുള്ളതിനാൽ ഇക്കാര്യത്തിൽ അടിയന്തര വ്യക്തത വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അടുത്ത വർഷം മുതൽ വിധി പൂർണമായി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.



