ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) പാകിസ്ഥാൻ പൗരൻ റാണ റൗഫ് എന്ന വഹാബ് ആലമിനെയും ഇയാളുടെ ഇന്ത്യൻ ബന്ധമുള്ള മുഹമ്മദ് ഇജാസിനെയും അറസ്റ്റ് ചെയ്തു. 2012ൽ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ റൗഫ് പശ്ചിമ ബംഗാളിൽ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ് എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.ഇന്ത്യയിലെ വിവിധ ട്രെയിനുകളുടെയും സായുധ സേനയുടെ നീക്കങ്ങളുടെയും വിവരങ്ങൾ റൗഫ് ശേഖരിച്ചിരുന്നതായും കൊൽക്കത്തയിലെ ഫോർട്ട് വില്യം ഉൾപ്പെടെയുള്ള സെൻസിറ്റീവ് കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നതായും അന്വേഷണ ഏജൻസികൾ പറയുന്നു. ഫോട്ടോകൾ, വീഡിയോകൾ, മാപ്പുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് കടക്കുന്നതിനായി പെട്രാപോൾ അതിർത്തിയിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.അറസ്റ്റിനിടെ മൊബൈൽ ഫോൺ നശിപ്പിക്കാൻ റൗഫ് ശ്രമിച്ചെങ്കിലും ബാഗിൽ നിന്ന് നിരവധി ഫോൺ നമ്പറുകൾ അടങ്ങിയ നോട്ട്ബുക്ക് അന്വേഷണ സംഘം കണ്ടെത്തി. ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ നമ്പറുകളും ഇയാളിൽ നിന്ന് കണ്ടെടുത്ത സിം കാർഡുകളും പരിശോധിച്ചുവരികയാണ്. നേരത്തെ അറസ്റ്റിലായ ഹമീം മണ്ഡലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റൗഫിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു. ഐഎസ്‌ഐയുമായും പാകിസ്ഥാൻ ആസ്ഥാനമായുള്ള കുറ്റവാളി ശഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള ശൃംഖലയുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.



