ലക്‌നൗ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് വിവരങ്ങൾ കൈമാറിയിരുന്ന നാല് പേരെ ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ പൊതുസൗകര്യങ്ങൾ ബോംബ് വച്ച് തകർക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ രഹസ്യനിരീക്ഷണം നടത്തി വിവരങ്ങൾ ഭീകരർക്കു കൈമാറാനും സംഘം ശ്രമിച്ചിരുന്നതായി കണ്ടെത്തി.യുപിയിൽ പ്രവർത്തിച്ചിരുന്ന സംഘം സോഷ്യൽമീഡിയ വഴിയാണ് പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘങ്ങളുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നത്. മീററ്റിൽ താമസിക്കുന്ന 25കാരനായ സാഖിബ് (ഡെവിൾ) ആണ് സംഘത്തിന്റെ മുഖ്യ സംഘാടകൻ. ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ അതിർത്തിക്കപ്പുറമുള്ള ഭീകരരുമായി ഇയാൾ ബന്ധപ്പെട്ടു. അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ പ്രവർത്തിക്കുന്ന സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് എടിഎസ് അറിയിച്ചു.ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ, രാഷ്ട്രീയ നേതാക്കൾ, റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ എന്നിവയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഘടകങ്ങൾക്ക് കൈമാറുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. റെയിൽവേ സിഗ്നൽ ബോക്സുകൾ നശിപ്പിക്കൽ, ഗ്യാസ് സിലിണ്ടറുകൾ നിറച്ച ലോറികൾക്ക് തീ കൊളുത്തൽ തുടങ്ങിയ പദ്ധതികളും ഇവർ തയ്യാറാക്കിയിരുന്നു. ഇതിനകം ചില ദൃശ്യങ്ങൾ ഉൾപ്പെടെ വിവരങ്ങൾ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.സോഷ്യൽമീഡിയ വഴിയാണ് സംഘത്തിലെ ചിലരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



