മുംബൈ: നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എ.ഐ. ഇന്ത്യയിൽ ഡേറ്റാ സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നു. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മാത്രമല്ല, ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകൾക്ക് ആവശ്യം വർധിക്കുന്നതും ഡേറ്റാ സെന്റർ ഒരുക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.ഇന്ത്യക്കാരുടെ വിവരങ്ങൾക്കൊപ്പം സമീപത്തുള്ള ചില ചെറുരാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റർ വഴി കൈകാര്യംചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഡേറ്റാ സെന്ററുള്ള കമ്പനികളുമായി ചർച്ചകൾ നടക്കുന്നതായാണ് സൂചന.അതേസമയം, എന്നുമുതൽ ഇതു നടപ്പാകുമെന്നതിൽ തീരുമാനമായിട്ടില്ല. ഓപ്പൺ എ.ഐ.ക്ക് നിലവിൽ ഇന്ത്യയിൽ ഓഫീസില്ല. ടെക്സസിലാണ് കമ്പനിയുടെ പ്രധാന ഡേറ്റാ സെന്ററുകളുള്ളത്. ഓപ്പൺ എ.ഐ.യുടെ രണ്ടാമത്തെ വലിയ വിപണിയായി ഇതിനകം ഇന്ത്യ മാറിയിട്ടുണ്ട്.



