വാഷിംഗ്ടൺ: ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ ഭരണകൂടം. ഇസ്രായേലിന്റെ അതിരുകടന്ന നീക്കത്തിൽ അമ്പരന്ന വൈറ്റ് ഹൗസ്, രൂക്ഷമായ സന്ദേശമാണ് നെതന്യാഹു സർക്കാരിന് നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും അതിന്റെ വ്യാപ്തി ഇത്രയധികമായിരിക്കുമെന്ന് അമേരിക്ക കരുതിയിരുന്നില്ല. ഇറാനിലെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ധന കേന്ദ്രങ്ങൾ തകർത്തത് തിരിച്ചടിക്കുമെന്നാണ് വാഷിംഗ്ടണിന്റെ വിലയിരുത്തൽ. രാത്രിയെ പകലാക്കുന്ന തരത്തിലുള്ള സ്ഫോടനങ്ങളാണ് ഇന്നലെ ടെഹ്റാനിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.എണ്ണപ്പാടങ്ങൾക്കും സംഭരണശാലകൾക്കും നേരെയുള്ള ആക്രമണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇത് ലോക സമ്പദ്വ്യവസ്ഥയെയും അമേരിക്കയിലെ ആഭ്യന്തര ഇന്ധനവിലയെയും ബാധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആശങ്കയറിയിച്ചു.



