ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരു വിദ്യാർഥിനിയുടെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ മന്ത്രാലയം പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടത്തിയ പരിപാടിയിലാണ് ഈ പ്രസംഗം അരങ്ങേറിയത്. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ നിന്നുള്ള അനന്യാ നെഗി എന്ന യുവ വിദ്യാർഥിനിയാണ് അക്ഷരാർഥത്തിൽ തീപ്പൊരി ചിതറുന്നത് പോലുള്ള ഈ പ്രസംഗത്തിലൂടെ ശ്രദ്ധേയയായത്. തന്റെ സംസ്ഥാനമായ ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് അനന്യ പാർലമെന്റ് ഹൗസിൽ പ്രസംഗിക്കാനെത്തിയത്. ഡോ. ബി.ആർ. അംബേദ്കറിന്റെ ജീവിതവും തത്വചിന്തയും എന്ന വിഷയത്തിലാണ് അവർ പാർലമെന്റിലെ കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ പ്രസംഗം നടത്തിയത്. അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14-ന് യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പ്രസംഗം. ഹിമാചൽ പ്രദേശിലെ ജയ്പീ യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ബിരുദ വിദ്യാർഥിനിയാണ് അനന്യ. ദേശീയ ഐക്യത്തേയും ഭരണഘടനാ മൂല്യങ്ങളേയും ഊന്നിക്കൊണ്ടുള്ള, മൂന്നുമിനുറ്റ് ദൈർഘ്യമുള്ള പ്രസംഗമാണ് അനന്യ നടത്തിയത്.’നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ. നമ്മൾ ഹിന്ദുക്കൾ എന്നല്ല, നമ്മൾ മുസ്ലിങ്ങൾ എന്നല്ല, നമ്മൾ പഞ്ചാബികൾ എന്നല്ല, നമ്മൾ സിഖുകാർ എന്നല്ല, നമ്മൾ തമിഴർ എന്നല്ല… നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ എന്നാണ്. ഇന്ന് ഞാൻ ഇന്ത്യയുടെ പാർലമെന്റിൽ നിൽക്കുകയാണ്. ചരിത്രം രൂപപ്പെടുത്തിയ ഒരു രാജ്യത്തെയല്ല ഇവിടെ ഞാൻ കാണുന്നത്. കാഴ്ചപ്പാട് രൂപപ്പെടുത്തിയ രാജ്യത്തെയാണ്. ഡോ. ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ കാഴ്ചപ്പാട്. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവർ, വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവർ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ മത്സരിക്കുക എന്നതിലുപരി തങ്ങളുടേതായ സംഭാവനകൾ നൽകാൻ കൂടി ഒന്നുചേരുന്ന ഇന്ത്യ. സഹവർത്തിത്വത്തിന് മാത്രമല്ല, മറിച്ച് തങ്ങളേക്കാൾ വലിയ ഒന്നിന് വേണ്ടി നിലകൊള്ളാൻ.’ -അനന്യ പാർലമെന്റിൽ പറഞ്ഞു.
സമത്വം, നീതി, ഭരണഘടനാമൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള അംബേദ്കറിന്റെ കാഴ്ചപ്പാടിനെ എടുത്തുകാണിക്കുന്നതായിരുന്നു അനന്യയുടെ പ്രസംഗം. പ്രതീകാത്മകമായ കാര്യങ്ങൾക്കപ്പുറം അംബേദ്കറിന്റെ ആശയങ്ങൾ മനസിലാക്കാനും അത് നടപ്പാക്കാനും അവർ ആഹ്വാനം ചെയ്തു. സൻസദ് ടിവിയിൽ സംപ്രേഷണം ചെയ്ത അനന്യയുടെ പ്രസംഗം അധികം താമസിയാതെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് അനന്യാ നെഗിയുടെ പ്രസംഗപാടവത്തേയും ഭരണഘടനാ തത്വങ്ങളിലെ ആഴത്തിലുള്ള അറിവിനേയും പ്രശംസിച്ച് കമന്റുകളിട്ടത്.



